പന്തളം: കോൺഗ്രസുകാരനെ ഭീഷണിപ്പെടുത്തിയാൽ സിപിഎമ്മുകാരനെ പാർട്ടി പുറത്താക്കുമോ? ഹേയ് ഒരു സാധ്യതയുമില്ല എന്നായിരിക്കും സിപിഎമ്മിനെ അറിയുന്നവർ ഒറ്റ ശ്വാസത്തിൽ മറുപടി പറയുക. സാധാരണ ഗതിയിൽ ആസിപിഎം നേതാവിനെ ഒരു ധീര പോരാളിയായി വാഴ്ത്തിപ്പുകഴ്ത്തി സ്വീകരണ മൊക്കെ കൊടുക്കലാണ് പാർട്ടി ലൈൻ. പക്ഷെ ഇവിടെ നേതാവ് പാർട്ടിക്ക് പുറത്തായി. പത്തനംതിട്ട ജില്ലയിലെ പന്തളത്ത് നിന്നാണ് ഈ വിചിത്ര വാർത്ത പുറത്തു വന്നത്. തുമ്പമൺ സർവീസ് സഹകരണബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രാദേശിക നേതാവിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതിനാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് തന്നെ നീക്കംചെയ്തത്.
സിപിഎം തുമ്പമൺ ടൗൺ തെക്ക് ബ്രാഞ്ച് സെക്രട്ടറി അർജുൻദാസാണ് പാർട്ടിയുടെ നയവ്യതിയാനത്തിന് ഇരയായത്. പന്തളം ഏരിയാ കമ്മിറ്റിയാണ് നടപടിയെടുത്തത്. കാര്യം നടപടി എടുത്തെങ്കിലും ഇനി ഏരിയാ കമ്മിറ്റിയുടെ നടപടിക്ക് ജില്ലാ കമ്മിറ്റി അംഗീകാരം നൽകണം.
കോൺഗ്രസ് തുമ്പമൺ മണ്ഡലം വൈസ് പ്രസിഡന്റ് ബിജി ജോണിനെയാണ് കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് അർജുൻ ദാസ് ഫോണിൽ ഭീഷണിപ്പെടുത്തിയത്.ഇതിൽ പന്തളം പോലീസ് കേസെടുത്തിരുന്നു.
ബിജി ജോൺ കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ ബാങ്കിന്റെ ഓഡിറ്റ് റിപ്പോർട്ട് സംബന്ധിച്ച് പോസ്റ്റിട്ടിരുന്നു. ഇതിൽ പ്രകോപിതനായാണ് ബ്രാഞ്ച് സെക്രട്ടറി ഭീഷണി മുഴക്കിയതത്രെ!
അസഭ്യം പറഞ്ഞ ശേഷം കൈയും കാലും തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് പരാതി.
The CPM branch secretary who threatened the Congress leader was expelled from the party.